പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയേലിനെയും ഭാര്യയെയും ഇരുമക്കളയെും റിമാന്റ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റിന് മുന്നില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ഇന്നലെ രാത്രി ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം റിയ ആന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ പൊലീസിന് നിര്‍ണയകമായ വിവരങ്ങള്‍ കിട്ടി. 2014 ലാണ് മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം കിട്ടിയ ഉടന്‍ മക്കള്‍ പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ പ്രിന്റേഴ്സ്, നിധി പോപ്പുലര്‍ എന്നീ പേരുകളില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങി. ഈ സ്ഥാപനങ്ങളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കി നല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത് സ്ഥാപനത്തിനുള്ളത്. സ്ഥാപനം 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. പോപ്പുലര്‍ ഫിനാന്‍സിന് സംസ്ഥാനത്ത് മാത്രം 270 ശാഖകളുണ്ട്.



