അഡിസ് അബാബ: യാത്രയ്ക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. എത്യോപന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റുമാരാണ് കോക്പിറ്റില്‍ ഉറങ്ങിപ്പോയത്. ഇതോടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകി. സുഡാനിലെ ഖാര്‍തൂമില്‍നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരും 37000 അടി ഉയരത്തില്‍ വിമാനം പറത്തുന്നതിനിടെ ഉറങ്ങിപ്പോയത്.
വിമാനം ഓട്ടോ പൈലറ്റായിരുന്നതുകൊണ്ട് ഫൈ്‌ളറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടര്‍ വഴി റൂട്ട് സജ്ജീകരിച്ചശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാതിരുന്നതിനെത്തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
റണ്‍വേയ്ക്കു മുകളിലൂടെ പറന്ന വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സംവിധാനം അലാറം മുഴക്കിയതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം വിമാനം റണ്‍വേയിലിറങ്ങാന്‍ അരമണിക്കൂര്‍ വൈകിയിരുന്നു. ഇത്തരത്തിലൊരു സംഭവം ന്യൂയോര്‍ക്കില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.



