ന്യൂഡല്‍ഹി: പെഗസസ്​ വിവരം ചോര്‍ത്തല്‍ അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ നിയമിച്ച ജുഡീഷ്യല്‍ കമീഷന്​ അന്വേഷണം തുടരാമെന്ന്​ സുപ്രീംകോടതി. ചീഫ് ജസ്​റ്റിസ് എന്‍.വി. രമണ, ജസ്​റ്റിസ് സൂര്യകാന്ത്, ജസ്​റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ്​ ജുഡീഷ്യല്‍ അന്വേഷണം സ്​റ്റേ ചെയ്യാനാകില്ലെന്ന്​ വ്യക്തമാക്കിയത്​.

ജുഡീഷ്യല്‍ കമീഷന്‍ രൂപവത്​കരിച്ചതില്‍ പ്രതികരണം ആരാഞ്ഞ്​ കേന്ദ്ര സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്​കാസ്​റ്റിക്ങ്​ മന്ത്രാലയം, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക്​ കോടതി നോട്ടീസ്​ അയച്ചു. ​േഗ്ലാബല്‍ വില്ലേജ്​ ഫൗണ്ടേഷനാണ്​ ജുഡീഷ്യല്‍ കമീഷന്‍ നിയമനം ചോദ്യം ചെയ്​ത്​ കോടതിയെ സമീപിച്ചത്​.

രാജ്യതലത്തില്‍ പെഗസസ്​ വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ സംസ്​ഥാനം പ്രത്യേക ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന്​ ഹരജിക്കാര്‍ക്ക്​ വേണ്ടി അഡ്വ. സൗരഭ്​ മിശ്ര വാദിച്ചു. ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാ വിരുദ്ധമാണെന്ന്​​ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

സുപ്രീംകോടതി മുന്‍ ജഡ്​ജി​ മദന്‍ ബി. ലോകൂര്‍, കല്‍ക്കത്ത ഹൈകോടതി മുന്‍ ചീഫ്​ ജസ്​റ്റിസ്​ ജ്യോതിര്‍മയ്​ ഭട്ടാചാര്യ എന്നിവരടങ്ങിയ ജുഡീഷ്യല്‍ കമീഷനെയാണ്​ ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ചത്​.