ലണ്ടന്‍: പൂച്ചകളെ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ പേരില്‍ മുന്‍ സുരക്ഷാ ഗാര്‍ഡിന് തടവുശിക്ഷ. ബ്രിട്ടനിലെ ബ്രൈറ്റണിലാണ് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ സ്റ്റീവ് ബോക്വറ്റിനെ കോടതി ശിക്ഷിച്ചത്. ഹോബ് ക്രൗണ്‍ കോടതിയില്‍ ജെര്‍മി ഗോള്‍ഡ് എന്ന ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
9 പൂച്ചകളെയാണ് സ്റ്റീവ് കത്തി ഉപയോഗിച്ച് മാരകമായി കൊത്തിക്കൊല പ്പെടുത്തിയത്. നിരവധി പൂച്ചകളെ ക്രൂരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നാണ് കോടതിയുടെ നിരീക്ഷണം. വീടുകളില്‍ വളത്തുന്ന മൃഗങ്ങളെയാണ് ഇയാള്‍ അരും കൊല ചെയ്തത്. കൊലപ്പെടുത്തിയ ശേഷം അതാത് വീടിനു മുന്പില് തന്നെ ശരീരം ഉപേക്ഷിക്കും. മുഴുവന്‍ സമൂഹത്തെയും അസ്വസ്ഥമാക്കുന്ന കുറ്റമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു 54 കാരനായ സ്റ്റീവിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. അക്രമം പതിവായതോടെ വീടുകള്‍ക്ക് മുന്നില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചാണ് പ്രതിയെ പിടികൂടിയത്.



