‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് സന്തോഷ് കുരുവിള. സിനിമ കടുത്ത പ്രതിസന്ധിയിൽ കടന്നുപോകുന്ന അവസരത്തിൽ ചില സിനിമകളുടെ വിജയം വളരെ ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്നെ നിർമിച്ച ആർക്കറിയാം എന്ന സിനിമയ്ക്ക് തിയേറ്ററിൽ സംഭവിച്ച പ്രതിസന്ധിയും അദ്ദേഹം തുറന്നുപറഞ്ഞു. നല്ല സിനിമ ആയിരുന്നിട്ടും പുരസ്കാരങ്ങൾ നേടിയിട്ടും തിയേറ്ററിൽ ആളില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് കുരുവിളയുടെ വാക്കുകൾ
കോവിഡിന് ശേഷം സിനിമ കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്ററുകളിലേക്ക് ആളുകൾ വരുന്നില്ല. ഞാൻ തന്നെ നിർമിച്ച ഒരുപാട് പുരസ്കാരങ്ങൾ നേടിയ ആർക്കറിയാം എന്ന സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് കിട്ടിയ കളക്ഷൻ കേട്ടാൽ ചിരിക്കും.
കാരണം സിനിമ മോശമായിട്ടില്ല. അഭിനേതാക്കൾ മോശമല്ല. ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിൽ സിനിമ വിജയിപ്പിക്കാൻ വേണ്ടി നൽകിയ പരസ്യമാണ്. അതിൽ യാതൊരു മോശം ഉദ്ദേശവുമുണ്ടായിരുന്നില്ല. ആളുകൾക്ക് സിനിമ ഇഷ്ടമായി എന്നാണ് മനസ്സിലാകുന്നത്. നല്ല സിനിമയാണെങ്കിൽ വിജയിക്കും. മോശം കമന്റുകളൊന്നു കണ്ടില്ല. അതുകൊണ്ടു തന്നെ ഈ സിനിമ വിജയിക്കും എന്നാണ് കരുതുന്നത്



