പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമാണം ഒക്ടോബറിനകം പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം. തർക്കങ്ങൾ ഉടൻ പരിഹരിച്ച് നിർദിഷ്ട വീതിയിൽ തന്നെ റോഡ് പണി നടത്താൻ കോന്നിയിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായി. നിർമാണ പുരോഗതി ഓരോ മാസവും എംഎൽഎമാർ വിലയിരുത്തും.
ലോക ബാങ്ക് സഹായത്തോടെ 732 കോടി രൂപ ചിലവഴിച്ചാണ് പുനലൂർ – മൂവാറ്റുപുഴ ഹൈവേയുടെ നിർമാണം. 14 മീറ്റർ നിർദേശിച്ച ഹൈവേയിൽ പലയിടത്തും ഏറ്റെടുത്ത സ്ഥലം ഉപയോഗിക്കുന്നില്ലെന്നും വീതി കുറവെന്നും ആക്ഷേപമുണ്ട്. കലുങ്കുകളുടെ എണ്ണം കുറച്ചെന്നും റോഡ് ഉയർത്തിയ സ്ഥലങ്ങളിൽ വീട്ടിലേക്കുള്ള വഴി പുനർ നിർമിക്കുന്നില്ലെന്നും മന്ത്രിയുടെ മുന്നിൽ പരാതികൾ എത്തി. ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡി, കെയു ജെനീഷ് കുമാർ എംഎൽഎ, റാന്നിയിൽ പ്രമോദ് നാരായണൻ എംഎൽഎയും കെഎസ്ടിപി ഉദ്യോഗസ്ഥരും യോഗങ്ങളിൽ പങ്കെടുത്തു.



