ഡോ. ജോര്‍ജ് എം. കാക്കനാട്

ജൂലൈ നാല് ഒരു ഓര്‍മ്മപ്പെടുത്തലാണ്. അമേരിക്കന്‍ ജനതയുടെ വര്‍ണശബളമായ ജീവിതത്തിന്റെ നാന്ദി കുറിക്കപ്പെട്ട സ്വാതന്ത്ര്യദിനമാണിത്. അമ്പതു സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന, അമേരിക്കന്‍ വന്‍കരയിലെ എന്നല്ല, ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന സമ്പത് ശക്തിയുടെ സ്വാതന്ത്ര്യദിനമാണത്. വ്യത്യസ്ത സംസ്‌ക്കാരത്തില്‍പ്പെട്ടവര്‍ ഒരു കുടക്കീഴില്‍ ഏറെ സമാധാനത്തോടെ ജീവിക്കുന്ന ഇടമാണിതെന്ന ഓര്‍മ്മപ്പെടുത്തലാണിത്. കോളനി വാഴ്ചക്കെതിരായി ഉയര്‍ന്നു വന്ന ശബ്ദത്തിന്റെ വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പിന്റെ സുദിനം എന്ന നിലയ്ക്ക് ലോകരാഷ്ട്രങ്ങള്‍ക്ക് കൂടി ഇതൊരു ആവേശമായിരുന്നു. 1776 ജൂലൈ നാലിന് 13 അമേരിക്കന്‍ കോളനികള്‍ ചേര്‍ന്നു കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് ബ്രിട്ടണിലെ രാജാവായിരുന്ന ജോര്‍ജ് മൂന്നാമന് ഇനി വിധേയമല്ലെന്നു നടത്തിയ പ്രഖ്യാപനമാണ് അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന്റെ അടിത്തറയായി മാറിയത്.

നീലവും, പഞ്ചസാരയും, പുകയിലയും ബ്രിട്ടനിലേക്കു മാത്രം കയറ്റി അയക്കുക, കോളനിയിലേക്കു ചരക്കുമായി വരുന്ന കപ്പലുകള്‍ ബ്രിട്ടണിലെത്തി അവര്‍ക്ക് കപ്പം കൊടുത്തു മാത്രം അറ്റ്‌ലാന്റിക് മറികടന്നു അമേരിക്കയിലെത്തുക, അമേരിക്കന്‍ കോളനികളില്‍ ഉത്പാദിപ്പിച്ചിരുന്ന ഫര്‍, കമ്പിളി തുടങ്ങിയവയുടെ കയറ്റുമതി ബ്രിട്ടണു ഭീഷണിയാകുമെന്നതിനാല്‍ അവയുടെ കയറ്റുമതി തടയുക തുടങ്ങി കോളനികളെ വളരെക്കാലമായി പ്രകോപിപ്പിച്ചിരുന്ന വിഷയങ്ങളാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യവാഞ്ജയിലേക്ക് ഈ നാടിനെ നയിച്ചത്. യൂറോപ്പു പോലെ ഒരു കൂട്ടം സ്വയംഭരണ പ്രദേശങ്ങളോ രാജ്യങ്ങളോ ആയി മാറുമായിരുന്ന ഒരു പ്രദേശം ലോകത്തിന്റെ പ്രബല രാജ്യമായി മാറിയതിന്റെ അടിസ്ഥാന കാരണവും ഇതു തന്നെ.

ഇന്നു ലോകം ഏതു പ്രധാന വിഷയത്തിലും ഉറ്റുനോക്കുക അമേരിക്കന്‍ ഐക്യനാടുകളേയാണ്. എന്താണതില്‍ യു എസ്സിന്റെ പക്ഷം എന്നതിനു നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. രണ്ടു ലോകമഹായുദ്ധങ്ങള്‍ യു എസ്സിനെ ലോകശക്തിയാക്കി മാറ്റി. അതു കൊണ്ടു തന്നെ, ഐക്യനാടുകളുടെ ചരിത്രത്തിന്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ ദിനമാണ് 1776 ജൂലൈ നാല്. രണ്ടു നൂറ്റാണ്ടുകള്‍ താണ്ടിക്കഴിഞ്ഞ ഭരണ സംവിധാനം അതിന്റെ കെട്ടുറപ്പിന്റെ പ്രത്യേകതയാണു കാണിക്കുന്നത്. കോവിഡും സാമ്പത്തിപ്രതിസന്ധിയുമൊന്നും തളര്‍ത്താതെ ലോകത്തെ നയിക്കുന്ന ശക്തിയായി അമേരിക്ക മുന്നേറുമ്പോള്‍ അവിടെ ജീവിതം നയിക്കുന്ന ഓരോ വ്യക്തിയും അഭിമാനിതനാവും. അതു കൊണ്ട് തന്നെ അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് ആയിരം പൂക്കളാല്‍ അഭിനന്ദനം ചൊരിയുന്നു.