കെ.എം. മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് ബിജു രമേശ് നടത്തുന്നതെന്ന് ജോസ് കെ. മാണി. അന്ന് പിതാവിനെ വേട്ടയാടിയവര്‍ ഇപ്പോള്‍ തന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജു രമേശ് ഇപ്പോള്‍ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ. മാണി പറഞ്ഞു.

ബാര്‍ കോഴ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തു എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതിന്റെ തെളിവ് വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ. മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.