തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായിരുന്ന വിവേക് നായര്‍. സസ്‌പെന്‍ഷന്‍ മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണെന്നും പരാതിയ്ക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരാണെന്നും വിവേക് നായര്‍ പറഞ്ഞു.

പാലക്കാട് നടന്ന യുവ ചിന്തന്‍ ശിബിര്‍ സംസ്ഥാന ക്യാമ്പിനിടെ നേതാവില്‍നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയും പറയുന്നത്. പരാതി ലഭിച്ചിട്ടും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പൊലീസിന് കൈമാറിയിട്ടില്ല എന്ന വാര്‍ത്തകള്‍ തള്ളിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസ്സിന് സ്വന്തമായി പൊലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും. ഇന്നലെ വരെ ചില ഇടത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

സംഭവത്തില്‍ വിവേക് നായരെ സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വിവേകിനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത അറിയിച്ചത്.