കോഴിക്കോട് : വടകരയില്‍ സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സ്ഥലം എംഎല്‍എ കെ കെ രമ. പരാതിക്കാരിക്ക് പിന്തുണയും സഹകരണവും ഉറപ്പാക്കണം. ഇരയായ സ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പരാതി കിട്ടിയിട്ടും പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും രമ പറഞ്ഞു.
സഹപ്രവര്‍ത്തകയായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ വടകരയിലെ ഒരു സി.പി.എം പ്രാദേശിക നേതാവിനും ഡിവൈഎഫ്ഐ നേതാവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയെന്നുമുളള ഒറ്റവാചകക്കുറിപ്പു കൊണ്ട് കൈ കഴുകാവുന്ന പ്രതിസന്ധിയല്ല, ഇത്തരം കാര്യങ്ങളില്‍ സി.പി.എം നേരിടുന്നത്. സംഘടനാധികാരമുപയോഗിച്ച് സഹപ്രവര്‍ത്തകരെ തങ്ങളുടെ ഇംഗിതത്തിനു വിധേയമാക്കുന്നു എന്ന ആരോപണമുയര്‍ന്ന പാര്‍ട്ടീനേതാക്കളെ എങ്ങനെയാണ് പാര്‍ട്ടി കൈകാര്യം ചെയ്തത് എന്നത് നാം കണ്ടതാണ്.
ഏകാധിപത്യം പുലരുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കില്‍ എന്ത് ചെയ്താലും പാര്‍ട്ടിയില്‍ തുടരാം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് കണ്ണൂരിലും പാലക്കാടും നടന്ന രണ്ട് പീഡനാരോപണങ്ങളും സിപിഎം കൈകാര്യം ചെയ്ത രീതി. ഈ വളംവെച്ചു കൊടുക്കല്‍ പ്രാദേശിക നേതാക്കളെവരെ കൊടും ക്രിമിനലുകളും അധികാര പ്രമത്തതകൊണ്ട് കണ്ണ് കാണാത്തവരുമാക്കി തീര്‍ക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകരയില്‍ നടന്നതെന്നും രമ ഫേസ്ബുക്കില്‍ കുറിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവവും അതിനെത്തുടര്‍ന്നുള്ള ബ്ലാക്ക്മെയിലിങ്ങു മടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവഗണിക്കുകയും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവുമാണ് ഉണ്ടായതെന്നാണ് മനസിലാക്കുന്നത്. അതേത്തുടര്‍ന്നാണവര്‍ നിയമനടപടികളിലേക്ക് സ്വന്തം നിലയില്‍ നീങ്ങിയത്.
നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാന്‍ സ്ത്രീയ്ക്ക് ആത്മവിശ്വാസം പകരേണ്ടത് മുഴുവന്‍ സമൂഹത്തിന്റെയും ബാദ്ധ്യതയാണ്. ഇരയായ സ്ത്രീക്കൊപ്പം നിരുപാധികം നിലയുറപ്പിക്കുന്നുവെന്നും രമ കൂട്ടിച്ചേര്‍ത്തു.



