തിരുവനന്തപുരം: പിതാവിന്റെ ക്രൂര മര്‍ദനത്തിനിരയായ 54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. കുഞ്ഞിന്റെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ചുള്ള ഇടപെടലുകള്‍ ആരോഗ്യ വകുപ്പ് നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു. പിതാവിന്റെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുഞ്ഞ്.
പിഞ്ചുകുഞ്ഞിനോടുള്ള അച്ഛന്റെ ക്രൂരത വേദനാജനകമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് നേരെ പലപ്പോഴും ക്രൂര മര്ദനമുണ്ടാകുന്നത്. അതിനാല്‍ തന്നെ അയല്‍ക്കാരും ബന്ധുക്കളും ശ്രദ്ധിക്കേണ്ടതുണ്ടെന്നും തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്ബരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അങ്കമാലി ജോസ്പുരത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസ് സ്വന്തം കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യവും കുഞിന്റെ പിതൃത്വത്തിലുള്ള സംശയവുമാണ് ക്രൂര കൃത്യത്തിന് അച്ഛനെ പ്രേരിപ്പിച്ചത്. അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.



