ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും വിമർശനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘വെള്ളത്തിൽ വീണ നനഞ്ഞ കോഴി’യുടെ അവസ്ഥയിലാണെന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിലെ മറ്റ് സിപിഎം മന്ത്രിമാരുടെയും നേതാക്കളുടെയും പ്രകടനത്തെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സഭയിൽ മുഖ്യമന്ത്രി നനഞ്ഞ കോഴിയെപ്പോലെയാണ്. എഴുന്നേറ്റ് നിന്ന് ശക്തമായി മറുപടി പറയാൻ സഭയിൽ ആരുമില്ല.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സഭയിൽ ഇപ്പോൾ മിണ്ടാട്ടമില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സംസാരിക്കാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. തോമസ് ഐസക്ക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞേനെ. ഇപ്പോഴത്തെ സഭയിലെ പ്രകടനത്തിൽ തനിക്ക് വലിയ സങ്കടം തോന്നുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
“ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ല, വലത്തോട്ട് മുണ്ടുടുത്താൽ വലതുപക്ഷവും ആകില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് സമൂഹത്തിലുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടുവെന്നും അടുത്തകാലത്തൊന്നും സിപിഎം നന്നാകാൻ പോകുന്നില്ലെന്നും ജി. സുധാകരൻ തുറന്നടിച്ചു. സിപിഎമ്മിൽ നിലവിൽ ജനങ്ങൾക്ക് അംഗീകാരമുള്ള യുവജന നേതാക്കളാരും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇപ്പോൾ കോൺഗ്രസിന്റെ സുവർണ കാലഘട്ടമാണ്. ഊന്നുവടിയിൽ നടക്കുന്ന സിപിഎം ആണ് കോൺഗ്രസ് ചെളിക്കുണ്ടിലാണെന്ന് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.



