ദില്ലി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നു. കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,08,993 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസവും റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 300 കടന്നു.

പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 11,458 പോസിറ്റീവ് കേസുകളും 386 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 8,884 പേര്‍ മരിച്ചു.

തുടര്‍ച്ചയായ നാലാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. 1,54,329 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 1,45,779 പേരാണ് ചികിത്സയിലുള്ളത്.

ജൂണ്‍ മൂന്നിനാണ് കൊവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നത്. മൂന്ന് ലക്ഷത്തിലേക്കെത്തുന്നത് പത്ത് ദിവസം കൊണ്ട്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡല്‍ഹിയിലും റെക്കോര്‍ഡ് വേഗതയിലാണ് രോഗവ്യാപനം. മഹാരാഷ്ട്രയില്‍ നിന്നാണ് മൂന്നിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 40,000 കടന്നു. ഡല്‍ഹിയില്‍ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്.

അതേസമയം, രോഗബാധിതര്‍ ഇരട്ടിക്കുന്നതിന്റെ സമയപരിധി 17.4 ദിവസമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി