പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പത്തുവയസുകാരി ലൈബ സുഹൈൽ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെയാണ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചതിനുശേഷം തട്ടിക്കൊണ്ടുപോയത്. ഫൈസലാബാദ് സ്വദേശിയായ ലൈബയെ 2024 ഫെബ്രുവരി 11-നാണ് ഇർഫാൻ മസിഹ് എന്ന ഇസ്ലാംമത വിശ്വാസി തട്ടിക്കൊണ്ടുപോയത്. തുടർന്ന് 35-കാരനായ ഇദ്ദേഹത്തെ വിവാഹം കഴിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയശേഷം ലൈബയെ, അഭയകേന്ദ്രം നടത്തുന്ന ഷഫാഖത്ത് ഷാ എന്നയാൾക്ക്‌ കൈമാറിയെന്ന് ഏഷ്യാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയെ ഫൈസലാബാദിലെ ദാർ-ഉൽ-അമാനിൽ (സ്ത്രീകളുടെ അഭയകേന്ദ്രം) താമസിക്കാൻ ഷാ നിർബന്ധിച്ചു. കാരണം, ലൈബയെ അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെവിടാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. പിന്നീട് ലൈബയിൽനിന്ന് കുടുംബത്തിനു ലഭിച്ച മൊഴി ഇപ്രകാരമാണ്: “അവൾ സ്വമേധയാ ഇസ്ലാം ആശ്ലേഷിച്ചതാണെന്നും ആരും തന്നെ ബലാത്സംഗം ചെയ്യുകയോ, നിർബന്ധിച്ച് വിവാഹംകഴിക്കുകയോ ചെയ്തിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ദാർ-ഉൽ-അമാനിലേക്കു പോയത്.” ഇത് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നാണ് നിഗമനം. എങ്കിലും മാർച്ച് ആറിന് തങ്ങൾക്കു നൽകിയ, 35-കാരനായ പുരുഷനുമായുള്ള വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ലൈബയുടെ കുടുംബം വെളിപ്പെടുത്തുന്നു.

2013 ഒക്ടോബർ 15-നാണ് പെൺകുട്ടി ജനിച്ചതെന്ന് നാഷണൽ ഡാറ്റാബേസ് & രജിസ്ട്രേഷൻ അതോറിറ്റിയുടെ രേഖകൾ കാണിക്കുന്നുണ്ട്. എങ്കിലും ഔദ്യോഗികരേഖകളൊന്നും ലഭ്യമല്ലാത്ത സർട്ടിഫിക്കറ്റിൽ വ്യാജമായി ക്രമക്കേട് വരുത്തി ലൈബയ്ക്ക് 17 വയസ്‌ പ്രായമുണ്ടെന്നാണ് വെളിപ്പെടുത്തൽ. തെളിവുകൾ ലഭ്യമാണെങ്കിലും മകൾ ഇസ്ലാം മതം സ്വീകരിച്ചതായി കരുതപ്പെടുന്നതിനാൽ മടങ്ങിവരുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ്, ബാബർ സന്ധു പെൺകുട്ടിയുടെ പിതാവിനോടു പറഞ്ഞു. ഫൈസലാബാദിൽ പ്രവർത്തകർ നടത്തിയ സമാധാനപരമായ പ്രതിഷേധത്തിനുശേഷം, ഇർഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ലൈബ ഇപ്പോഴും ഷെൽട്ടർ ഹോമിൽത്തന്നെ തുടരുകയാണ്.

പാക്കിസ്ഥാനിൽ വർധിച്ചുവരുന്ന മതപരിവർത്തനങ്ങളും നിർബന്ധിത വിവാഹങ്ങളും

ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ശൈശവവിവാഹ നിയന്ത്രണനിയമപ്രകാരം ഇത് കുറ്റകൃത്യമാണ്. പത്തുവയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് അക്രമമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ജനസംഖ്യയുടെ 96.47% മുസ്ലീങ്ങളുള്ള പാക്കിസ്ഥാനിൽ ഇത് വ്യാപകമായ രീതിയാണ്.

“തട്ടിക്കൊണ്ടുപോകലും നിർബന്ധിത മതപരിവർത്തനങ്ങളും നിർബന്ധിതവിവാഹങ്ങളും മതന്യൂനപക്ഷങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്നു. നിയമപരിരക്ഷയുടെ അഭാവമാണ് ഇതിനു പ്രധാന കാരണം” – 2023-ലെ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് ഓഫ് എയ്ഡ് ടു ചർച്ച് ഇൻ നീഡ് (ACN) ചൂണ്ടിക്കാണിക്കുന്നു. മതകാര്യമന്ത്രാലയം എതിർത്തതിനെത്തുടർന്ന് 2021 ഒക്ടോബർ 13-ന് ഒരു പാർലമെന്ററി കമ്മിറ്റി ‘നിർബന്ധിത മതപരിവർത്തനത്തിന് എതിരായ’ ബിൽ നിരസിച്ചിരുന്നു.

ശൈശവവിവാഹത്തിന്റെ കാര്യത്തിൽ ലോകത്ത് ആറാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ആരെ, എപ്പോൾ വിവാഹം കഴിക്കണമെന്നു തീരുമാനിക്കാൻ 71% പെൺകുട്ടികൾക്കും അവകാശമില്ല. പാക്കിസ്ഥാനിൽ, ഇത് ക്രിസ്ത്യൻ – ഹിന്ദു ന്യൂനപക്ഷത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന ഒരു സാഹചര്യമാണ്.