തടങ്കൽ കേന്ദ്രങ്ങളിൽ അടയ്ക്കുമെന്ന ഭയത്തെ തുടർന്ന് നിരവധി അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഇപ്പോൾ പശ്ചിമ ബംഗാളിലെ അതിർത്തി പ്രദേശങ്ങളിലേക്കും ട്രാൻസിറ്റ് ടെർമിനലുകളിലേക്കും കൂട്ടമായി എത്തുകയാണ്. അതിർത്തി കടക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ടെങ്കിലും, പതിറ്റാണ്ടുകളായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശികൾ തങ്ങൾ എങ്ങനെയാണ് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതെന്നും രേഖകൾ ഒപ്പിച്ചെടുത്തതെന്നും ഇപ്പോൾ വെളിപ്പെടുത്തുകയാണ്.

ചിലർ നദികൾ നീന്തിക്കടന്നാണ് ഇന്ത്യയിലെത്തിയതെന്ന് വിവരിക്കുന്നു. മറ്റു ചിലർ ഇടനിലക്കാർ രാത്രിയുടെ മറവിൽ അതിർത്തി കടക്കാൻ എങ്ങനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ എന്തെങ്കിലും പഴുതുകൾ കണ്ടെത്തിയാൽ വെറും 10 മിനുട്ടിനുള്ളിൽ ഇന്ത്യയിലേക്ക് കടക്കാൻ കഴിയുമെന്ന് ഒരാൾ പറയുന്നു. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന ഒരു ശൃംഖലയാണ് തങ്ങൾക്ക് തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി നൽകിയതെന്ന് ചിലർ അവകാശപ്പെടുന്നു. വിവിധ പദ്ധതികൾ വഴി തങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.