തിരുവനന്തപുരം: പട്ടിക ജാതി/വര്‍ഗ വികസനത്തിനും ഊന്നല്‍ നല്‍കുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. സംരഭകരാകനും അവരവര്‍ കഴിവ് തെളിയിച്ച മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്ന പദ്ധതികളാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പട്ടിക ജാതി/വാര്‍ഗ്ഗ വിഭഗങ്ങള്‍ക്കായി ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ഈ വിഭാഗത്തിലെ ഒന്നാം തലമുറ വികസന പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടട്ടില്ല. എന്നാല്‍ ഒന്നാം തലമുറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം തന്നെ രണ്ടാം തലമുറ വികസന പ്രശ്നങ്ങളും പ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായ രണ്ട് പ്രധാന പദ്ധതികളാണ് അദ്ദേഹം ബജറ്റില്‍ അവതരിപ്പിച്ചത്.

പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് ഈ വര്‍ഷം 10 ലക്ഷം രൂപ വീതം സംരഭകത്വ സഹായം നല്‍കുന്നതാണ് ആദ്യത്തേത്. തിരഞ്ഞെടുക്കപ്പെടുന്ന സംരഭകര്‍ക്ക് സമഗ്രമായ പ്രാരംഭ പിന്തുണയും ഉറപ്പാക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പയും നല്‍കും. ഇതിനായ പത്ത് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

പ്രതിഭ പിന്തുണ പരിപാടിയാണ് രണ്ടാമത്തേത്. ഇതുവഴി ജില്ലാ പഞ്ചായത്ത് തലത്തില്‍ തുടങ്ങിവെച്ച ഈ പരിപാടി പട്ടിക ജാതി/വാര്‍ഗ്ഗ വികസന വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വിപുലമാക്കാനാണ് ആലോചിക്കുന്നത്. കലാ, സാംസ്കരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവരുടെ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ മുന്നേറാന്‍ ഒരാള്‍ക്ക് ഒരു ലക്ഷം വീതം 1500 പേര്‍ക്ക് ലഭിക്കും.