ഹൗറ: പശ്ചിമബംഗാളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതതെന്ന് ബന്ധുക്കള്‍. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം.

വീടിനുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല.

സ്മാര്‍ട്ഫോണ്‍ കേടായതിനെ തുടര്‍ന്ന് കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ബിഹാറിലാണുള്ളത്. സഹോദരനൊപ്പമാണ് വിദ്യാര്‍ത്ഥിനി കഴിഞ്ഞിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്ബ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ സഹോദരന്റെ കയ്യില്‍ നിന്ന് വീണ് പൊട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന് മകള്‍ പറഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ശേഷം പുതിയ മൊബൈല്‍ വാങ്ങാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും പിതാവ് പറയുന്നു.

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഹൗറ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനാല്‍ മൊബൈല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാല്‍ മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും പിതാവ്.സഹോദരന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ സഹോദരനാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയകരമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.