കോഴിക്കോട്​: ‘ഒരുപക്ഷേ ചരിത്രം കരിപ്പൂര്‍ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരംവെക്കാനില്ലാത്ത കാരുണ്യത്തി​‍െന്‍റ പേരിലായിരിക്കും. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പെട്ട സഹോദരങ്ങള്‍ക്കുവേണ്ടി ഒരു നാട് തികഞ്ഞ സംയമനത്തോടെയും നിസ്വാര്‍ഥതയോടെയും അണിനിരക്കുന്ന കാഴ്​ചയാണ് ഇന്നലെ നമ്മള്‍ കണ്ടത്.

സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു’. ജില്ല കലക്​ടര്‍ എസ്​. സാംബശിവറാവു കരിപ്പൂര്‍ ദുരന്ത രക്ഷാദൗത്യത്തി​െന്‍റ തിരക്കിനിടയില്‍ ഫേസ്​ബുക്കില്‍ കുറിച്ചു. ആശുപത്രിയില്‍ ചികിത്സക്കായെത്തിച്ച വിമാന യാത്രക്കാര്‍ക്ക് രക്തദാനത്തിനും സഹായങ്ങള്‍ ചെയ്യാനും രാത്രി ഏറെ വൈകിയും ആശുപത്രികളില്‍ നിരവധി പേരാണ് സന്നദ്ധരായതെന്ന്​ കലക്​ടര്‍ പറഞ്ഞു. കോവിഡ്‌ ഭീതിയും അപകടസാധ്യതയും അവഗണിച്ച്‌​ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഓരോരുത്തര്‍ക്കും കോഴിക്കോടി​െന്‍റ സ്നേഹവും നന്ദിയും അറിയിക്കുന്നു.

‘പരമാവധി നമ്മള്‍ ശ്രമിച്ചിട്ടും ചിലരെ നമുക്ക് നഷ്​ടമായി. ദുരന്തത്തില്‍ ജീവന്‍ നഷ്​ടപ്പെട്ടവരുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ വേഗംതന്നെ സുഖം പ്രാപിക്കട്ടെ. പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ഒരുമയോടെ നേരിടുന്ന ജനതയാണ് നമ്മുടെ ശക്തി. ഇത് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യും’ -കലക്​ടര്‍ കുറിച്ചു.