പി പി ചെറിയാൻ
ക്യൂൻസ് (ന്യൂയോർക്ക്) ∙ ജാക്സൻ ഹൈറ്റ്സിൽ സ്ഥിതി ചെയ്യുന്ന സ്വന്തം ഓഫീസിൽ അഭിഭാഷകൻ അടിയേറ്റു കൊല്ലപ്പെട്ടു. വിവാഹമോചനം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സമർഥമായി കൈകാര്യം ചെയ്യുന്ന കൂൻസിലെ അറിയപ്പെടുന്ന ചാൾസ് സുലോട്ട് (65) എന്ന അഭിഭാഷകനാണ് വ്യാഴാഴ്ച രാവിലെ മർദ്ദനമേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്നതായി അവിടെ വൃത്തിയാക്കുവാൻ എത്തിയ ക്ലീനർ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ക്യൂൻസ് പൊലീസ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
മാറിലും മുഖത്തും മർദ്ദനത്തെ തുടർന്ന് കാര്യമായി പരുക്കുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ വക്കീൽ മരിച്ചതായും പൊലീസ് അറിയിച്ചു. 1982 മുതൽ ന്യൂയോർക്കിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ചാൾസ്. ഓഗസ്റ്റ് അഞ്ചിന് ക്യൂൻസ് സുപ്രീം കോടതിയിൽ കേസിന് ഹാജരാകേണ്ടതായിരുന്നു ചാൾസ്.
വളരെ നല്ല വ്യക്തിത്വത്തിനുടമയായിരുന്നു ചാൾസെന്ന് തൊട്ടടുത്തു താമസിക്കുന്ന 75 വയസ്സുള്ള മേരിയാന റമിറസ് പറഞ്ഞു. ക്യൂൻസ് പൊലീസ് വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഇതൊരു കൊലപാതകമാണെന്നും പ്രതിയെ കണ്ടെത്തുന്നതിന് ഊർജ്ജിത ശ്രമം ആരംഭിച്ചുവെന്നും അറിയിച്ചു.



