>ന്യുയോർക്ക് ∙ പുതിയതായി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച ന്യുയോർക്ക് സിറ്റിയിൽ കോവിഡ് റൂൾ ലംഘിച്ച അഞ്ചു മതസ്ഥാപനങ്ങൾ ഉൾപ്പെടെ 62 സ്ഥാപനങ്ങൾക്ക് 150,000 ഡോളറിലധികം പിഴ ചുമത്തുന്നതിന്‍ നടപടിയെടുത്തതായി ന്യുയോർക്ക് സിറ്റി ഗവൺമെന്റ് ട്വിറ്ററിൽ വ്യക്തമാക്കി. ബ്രൂക്കിലിൻ, ക്യൂൻസ്, ബ്രൂം, ഓറഞ്ച്, റോക്ക്‌ലാന്റ് കൗണ്ടികളിലാണ് പുതിയ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് നിയമം ലംഘിച്ചതിൽ റസ്റ്ററന്റുകളും ഉൾപ്പെടുന്നതായി ന്യുയോർക്ക് സിറ്റി ഷെറിഫ് ജോസഫ് ഫസിറ്റൊ പറഞ്ഞു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടത്തിയ മിന്നൽ പരിശോധനയിലാണ് കോവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള, റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ മതസ്ഥാപനങ്ങൾ അനുവദിച്ചതിലധികം ആളുകളെ ഉൾപ്പെടുത്തി ആരാധനാ നടത്തുന്നതു കണ്ടെത്തിയത്.

പുതിയ നിയന്ത്രണങ്ങൾ ഗവർണർ ആഡ്രു കുമൊ പ്രഖ്യാപിച്ച് നിലവിൽ വന്നത് വ്യാഴാഴ്ചയായിരുന്നു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നതായിരുന്നു പുതിയ നിർദേശം.

കോവിഡ് രോഗികളുടെ എണ്ണത്തിൽ 1 ശതമാനം ഒരാഴ്ചയ്ക്കുള്ളിൽ കുറവു വന്നിട്ടുണ്ടെങ്കിലും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്ന് ഒക്ടോബർ 11ന് ഗവർണർ കുമൊ അറിയിച്ചു.