തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മുന്‍ എസ്പി കെ.ബി.വേണുഗോപാലടക്കം 3 പൊലീസ് ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ അനുമതി തേടി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഡിവൈഎസ്പിമാരായ ഷംസ്, അബ്ദുള്‍ സലാം എന്നിവരാണു മറ്റുളളവര്‍. അനധികൃത കസ്റ്റഡിയും മര്‍ദനവും 3 പേര്‍ക്കും അറിയാമായിരുന്നെന്ന സംശയത്തിലാണു സിബിഐ നടപടി.
രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കു നീളുകയാണ്. രാജ്കുമാര് കൊല്ലപ്പെടുമ്ബോള്‍ കെ.ബി.വേണുഗോപാല്‍ ഇടുക്കി എസ്പിയും ഷംസ് കട്ടപ്പന ഡിവൈഎസ്പിയും അബ്ദുള്‍ സലാം സ്പെഷല്‍ ബ്രാഞ്ചിന്റെ ഓഫിസറും ആയിരുന്നു. രാജ്കുമാറിനെയും രണ്ടു സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത വിവരം എസ്പിയെ നേരിട്ട് അറിയിച്ചിരുന്നെന്നാണ് ഡിവൈഎസ്പിമാരുടെ മൊഴി. ഇവര്‍ മൂന്നുപേരും നുണപരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരുന്നു. എസ്പിയെ ഓഫീസിലെത്തി കണ്ട് രാജ്കുമാറിന്റെ കസ്റ്റഡി വിവരം അറിയിച്ചെന്നാണ് ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി അബ്ദുള്‍സലാം മൊഴി നല്‍കിയത്. ഹജ്ജിന് പോകുന്നതിന് അവധി അപേക്ഷ നല്‍കാനെത്തിയപ്പോഴാണ് വിവരമറിയിച്ചത്.
2019 ജൂണ്‍ 12നാണു പണമിടപാടു കേസില്‍ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്കുമാര് തട്ടിയെടുത്തെന്നു പറയുന്ന പണം കണ്ടെത്താനായി അനധികൃതമായി കസ്റ്റഡിയില്‍ വച്ചു നടത്തിയ മര്‍ദനമാണു മരണത്തിലേക്കെത്തിയതെന്നാണു കേസ്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്യുന്നതും എസ്പി ഉള്‍പ്പെടെ അറിഞ്ഞിരുന്നെന്നാണു സിബിഐക്കു ലഭിച്ച വിവരം. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.