ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്താൻ സാധ്യത. സെപ്റ്റംബർ 28 ശനിയാഴ്ച മറ്റ് വള്ളംകളികളില്ലെന്നതും ശനിയാഴ്ചയാണ് വള്ളംകളിക്ക് കൂടുതൽ സൗകര്യമെന്നതും അന്നേ ദിവസത്തിന് സാധ്യത കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എൻടിബിആര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം നടത്താനാണ് ആലോചന. 

ഭൂരിപക്ഷം ക്ലബ്ബുകൾക്കും സൗകര്യം ഈ മാസം 28 നാണെന്നതിനാലാണ് ഈ ദിവസത്തിന് സാധ്യത കൽപ്പിക്കുന്നത്. യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കും. എൻടിബിആര്‍ സൊസൈറ്റിയുടെ യോഗത്തിലാണ് തീയതി തീരുമാനിക്കുക. ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തിൽ ഉയരും.

റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായത്. റിപ്പോർട്ടറിലൂടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഒരുകോടി രൂപ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്.