തൃശൂര്‍: സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ തനിക്ക് അവസരം നിഷേധിച്ചെന്ന് ആരോപിച്ചാണ് രാമകൃഷ്ണന്‍ രംഗത്തെത്തിയത്.
തനിക്ക് അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടുമെന്നും സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞതായാണ് രാമകൃഷ്ണന്‍ ആരോപിക്കുന്നത്. തന്നിലെ കലാകാരനെ ഇത് ഏറെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംഗീത നാടക അക്കാദമിയുടെ വേദി സര്‍ക്കാരിന്റെ വേദിയാണെന്നും ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാണെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രാമകൃഷ്ണന്റെ പ്രതികരണം.
ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്‍ന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല സംഗീത നാടക അക്കാദമിയുടെ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളില്‍ നാണക്കേടുണ്ടാക്കുന്നത് സര്‍ക്കാറിനാണ്. സര്‍ക്കാര്‍ എല്ലാം വിശ്വസിച്ചാണ് ഇവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത്. ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സര്‍ക്കാര്‍ കൂടിയാണ്. വരുന്ന ഭരണത്തിലെങ്കിലും സംഗീതം, നൃത്തം, നാടകം തുടങ്ങിയ കലകള്‍ വേദികളില്‍ അവതരിപ്പിച്ച്, കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാകണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.