
തിരുവനന്തപുരം: വീടുകളിലേതുൾപ്പെടെ നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ ആൾ സഞ്ചരിച്ച വാഹനം കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ വാഹനത്തിന്റെ നമ്പരോ സഞ്ചരിച്ച ആളിനെ തിരിച്ചറിയുന്ന വിവരങ്ങളോ ഇല്ലാത്തതാണ് തിരിച്ചടിയായത്. ഗിയറില്ലാത്ത ബൈക്കിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന വിവരം മാത്രമാണ് പൊലീസിനുള്ളത്.ഇത്തരത്തിലുള്ള രണ്ടായിരത്തോളം വാഹനങ്ങൾ പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ ലഭിച്ചില്ല. നഗരത്തിലെ പൊലീസ് ക്യാമറകളിൽ പലതും പ്രവർത്തിക്കാത്തതും അന്വേഷണത്തെ ബാധിച്ചു.
ജൂൺ 30നു രാത്രി 11.20ന് ശേഷമാണ് എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞത്. അക്രമി കുന്നുകുഴി ഭാഗത്തേക്കാണ് ബൈക്കിൽ പോയത്. ഈ ഭാഗത്തെ വീടുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഗുണം ചെയ്തില്ല. പല സിസിസിടി ദൃശ്യങ്ങളും വ്യക്തതയില്ലാത്തതായിരുന്നു. ചില സിസിടിവി ക്യാമറകളുടെ പരിധി വീടിന്റെ ഗേറ്റിന്റെ ഭാഗംവരെ മാത്രമായിരുന്നു. പൊലീസ് നിരത്തുകളിൽ സ്ഥാപിച്ച ക്യാമറകളിൽനിന്നും വിവരം ലഭിച്ചില്ല. പ്രധാന ജങ്ഷനുകളിൽ പൊലീസ് സുരക്ഷാ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രാത്രി ദൃശ്യങ്ങൾ പകർത്താനുള്ള സംവിധാനം മിക്ക ക്യാമറകളിലും ഇല്ലാത്തതിനാൽ തെരുവ് വിളക്ക് കത്തിയില്ലെങ്കിൽ ദൃശ്യങ്ങൾ ലഭിക്കില്ല.233 ക്യാമറകളാണ് നഗരത്തിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നൂറിനടുത്ത് ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. തലസ്ഥാനത്തെ പ്രധാന റോഡായ കടവടിയാർ–വെള്ളയമ്പലം റോഡിൽ നടന്ന അപകടത്തിൽ മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ടിട്ടും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല.
സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി 114 ജങ്ഷനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ജോലികള്‍ നടന്നുവരുന്നതേയുള്ളൂ. കൺട്രോൾ റൂം കോർപറേഷൻ ഓഫിസിലായിരിക്കും.




