മാത്താഗൽപ: ലാറ്റിനമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ മാത്താഗൽപ രൂപത ബിഷപ് റൊളാൻഡോ ആൽവാരെസിനെ ഭരണകൂടം അറസ്റ്റ് ചെയ്തു രണ്ടാഴ്ചത്തേക്കു വീട്ടുതടങ്കലിലാക്കി.
അഞ്ചു വൈദികരെയും ഒരു വൈദികവിദ്യാർഥിയെയും സഭയുടെ ടെലിവിഷൻ ചാനലിന്റെ കാമറമാനെയും അറസ്റ്റ് ചെയ്ത് തലസ്ഥാനമായ മനാഗ്വയിലെ ജയിലിലടച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്തതിൽ ലാറ്റിൻ അമേരിക്കൻ ബിഷപ്സ് കോണ്‍ഫറൻസ് ആശങ്ക അറിയിച്ചു.
നിക്കരാഗ്വെയയിലെ ഡാനിയേൽ ഓർട്ടേഗ സർക്കാരിന്റെ വിമർശകനാണ് ബിഷപ് റൊളാൻഡോ ആൽവാരെസ്. 2018ൽ രാജ്യമൊട്ടാകെ നടന്ന പ്രതിഷേധത്തെത്തുടർന്ന്, അന്താരാഷ്ട്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നു ബിഷപ് ആവശ്യപ്പെട്ടിരുന്നു. കത്തോലിക്കാ സഭയെ അടിച്ചമർത്തുന്ന നയങ്ങളാണ് ഡാനിയേൽ ഓർട്ടേഗ ഭരണകൂടം പിന്തുടരുന്നത്.
വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ സർക്കാർ ഈയിടെ രാജ്യത്ത് അവസാനിപ്പിക്കുകയും കന്യാസ്ത്രീകളെ പുറത്താക്കുകയും ചെയ്തിരുന്നു.



