സ്വപ്രയത്നത്താല്‍ ജീവിതം തിരികെപ്പിടിച്ച് എസ്.ഐ കുപ്പായത്തിലെത്തിയ ആനി ശിവയ്ക്ക് അഭിനന്ദനവുമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഭര്‍ത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന ആനിശിവ ഇന്ന് വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എസ്.ഐയാണ്. ശിവഗിരി തീര്‍ഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയി എത്തുമ്ബോള്‍ അത് തളരാത്ത പോരാട്ടത്തിന്റെ ചിത്രം കൂടിയാവുകയാണ്.
കോളജ് വിദ്യാര്‍ഥിയായിരിക്കുമ്ബോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്നത്. കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ. കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്ബോള്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോള്‍ ഈ കൂട്ട് നഷ്ടമായി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് അമ്മൂമ്മയുടെ വീട്ടിലെ ഒരു ചായ്പ്പിലായി താമസം.തുടര്‍ന്ന് ചെറുജോലികളിലൂടെ പഠനം തുടര്‍ന്ന് അവസാനം തന്റെ ലക്ഷ്യത്തിലെത്തി ആനിശിവ.



