കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയുമായി കേരളം. സംസ്ഥാനന്തര യാത്രയ്ക്ക് വിലക്ക് പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഈ പശ്ചാത്തലത്തില്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് ചീഫ് സെക്രട്ടറി വി പി ജോയ് കത്തയച്ചു.
അതേസമയം പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതി മൂന്ന് ദിവസത്തിനകം തിരിച്ചുപോകുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ ആര്‍ടിപി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍നിന്നെത്തുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി.
അതേസമയം മറ്റു വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരാഴ്ചത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
എഴ് ദിവസമാണ് ക്വാറന്റൈന്‍. ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരും ക്വാറന്റൈനില്‍ ഇരിക്കേണ്ടിവരും.വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും ഇതിനായി സംവിധാനമൊരുക്കും.



