പത്തനംതിട്ട :വിദേശരാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരെ ഭയാശങ്കകളോടെ വീക്ഷിക്കുകയോ അവരെ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അഭ്യര്‍ഥിച്ചു. സമൂഹവ്യാപനം ഒഴിവാക്കുന്നതിനായി അവര്‍ ക്വാറന്റൈന്‍ കാലയളവ് വിജയകരമായി പൂര്‍ത്തീ കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി അവരുടെ കുടുംബാംഗങ്ങളും പൊതുസമൂഹവും അവര്‍ക്ക് പിന്തുണ നല്‍കണം. പുറത്തുനിന്നും വന്നവരില്‍ കുറച്ചു പേര്‍ക്ക് മാത്രമേ കോവിഡ് രോഗബാധയുള്ളൂ. അവരെ എല്ലാവരെയും പരിശോധക്കുന്നതിനും രോഗമുള്ളവ ര്‍ക്ക് മാനദണ്ഡമനുസരിച്ചുള്ള ചികിത്സ നല്‍കുന്നതിനുമുള്ള സംവിധാനങ്ങള്‍ ജില്ലയില്‍ സജ്ജമാണ്.

പുറത്തുനിന്നും എത്തിയവര്‍ ആരോഗ്യവകുപ്പിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവരം അറിയിക്കുകയും മറ്റുള്ളവരുമായി സമ്ബര്‍ക്കത്തില്‍ വരാതെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിക്കുകയും വേണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച്‌ കൈകള്‍ ഇടക്കിടെ കഴുകുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണെന്നും എല്ലാവരും ജാഗ്രതയോടെ പെരുമാറണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.