തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ആസൂത്രണം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പ് വിവരം ചോർന്നതിനെ ചൊല്ലി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര കലാപം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരേ സംസ്ഥാന നേതാക്കൾ അഖിലേന്ത്യാ നേതൃത്വത്തിന് കത്തയച്ചു. യൂത്ത് കോൺഗ്രിന്റെ ഔദ്യോഗിക ഗ്രൂപ്പിൽനിന്ന് നിരന്തരം വിവരങ്ങൾ ചോരുന്നുവെന്നും ഷാഫി പറമ്പിലിന് ഗൗരവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും കത്തിൽ ആക്ഷേപമുണ്ട്.

ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ രഹസ്യമായി ഒരു കാര്യങ്ങളും ചർച്ച ചെയ്യാനാകുന്നില്ല. തുടർച്ചയായി ഗ്രൂപ്പിലെ കാര്യങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകുന്നുവെന്നാണ് നേതാക്കളുടെ ആക്ഷേപം. ഇതുസംബന്ധിച്ച് ഷാഫി പറമ്പലിന് പരാതി നൽകിയിരുന്നു. എന്നാൽ അദ്ദേഹം ഗൗരവത്തോടെ വിഷയം കാണുന്നില്ലെന്നും അതുകൊണ്ടാണ് ശബരീനാഥന്റെ വാട്സാപ്പ് ചാറ്റും പുറത്തേക്ക് വന്നതെന്നും കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് അയച്ച കത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിനെതിരേ വിമർശനം ഉന്നയിക്കുന്ന നിരപരാധികളായ ചിലരുടെ തലയിൽ കുറ്റം കെട്ടിവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർ എന്തുതെറ്റ് ചെയ്താലും ഷാഫി അവരെ സംരക്ഷിക്കുകയാണെന്നും കത്തിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻഎസ് നുസൂർ, റിയാസ് മുക്കോളി, എസ്എം ബാലു തുടങ്ങി 12 നേതാക്കളാണ് ദേശീയ നേതൃത്വത്തിന് കത്തയച്ചത്.