കോഴിക്കോട്: നിപ വൈറസ് ബാധിച്ച്‌ മരിച്ച പന്ത്രണ്ടുവയസുകാരന്റെ സ്ഥലത്ത് കേന്ദ്രസംഘമെത്തി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നതില്‍ ഇതുവരെ വ്യക്തതയില്ല. രോഗം ബാധിക്കുന്നതിന് മുമ്ബ് കുട്ടി റംബൂട്ടാന്‍ കഴിച്ചിരുന്നു. ഈ സ്ഥലം സന്ദര്‍ശിച്ച കേന്ദ്രസംഘം റംബൂട്ടാന്‍ സാംപിളുകളും ശേഖരിച്ചു.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരനാണ് നിപാ ബാധിച്ച്‌ മരിച്ചത്. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക്, ഇന്നലെ രാത്രിയാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം കോഴിക്കോട്ട് ക്യാംപ് ചെയ്യുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗം തലവന്മാരുടെ യോഗം പ്രിന്‍സിപ്പല്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി യോഗത്തില്‍ പങ്കെടുക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, കലക്ടര്‍, വിവിധവകുപ്പ് മേധാവിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നടപടികള്‍ വിലയിരുത്തും.