കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. വാക്‌സിന്‍ സ്വീകരിച്ച നിരവധി പേര്‍ക്ക് ഗില്ലന്‍ ബാരെ സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

12.8 ദശലക്ഷം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ നല്‍കിയതില്‍ നൂറോളം പേര്‍ക്ക് ജിബിഎസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. സ്വയം പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട വളരെ അപൂര്‍വ്വമായ രോഗമാണിത്. കോവിഡിനെ കൊല്ലാനുള്ള ശ്രമത്തില്‍, രോഗപ്രതിരോധ ശേഷി ആകസ്മികമായി പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കാന്‍ തുടങ്ങുന്നു.

ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു എന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. തുടര്‍ന്ന് പേശികളുടെ ബലഹീനത, വേദന എന്നിവയും പക്ഷാഘാതവും അനുഭവപ്പെടും. കൈകാലുകള്‍ക്ക് ബലഹീനതയോ തരിപ്പോ അസ്വസ്ഥതകളോ അനുഭവപ്പെടുന്നവര്‍ ഉടനെ വൈദ്യസഹായം തേടണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.