‘ന്നാതൻ കേസ് കൊട്’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നൃത്തച്ചുവടുകൾ തരംഗമായതോടെ എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് ഒരു വൈറൽ വീഡിയോയിലെ താരത്തെയാണ്. രണ്ട് വർഷം മുൻപ് തൃശൂരിലെ ഒരു പള്ളിപ്പെരുന്നാളിന് ചുറ്റും നിൽക്കുന്നവരെ കൂസാതെ തന്റേതായ ശൈലിയിൽ ഒരാൾ നൃത്തം ചെയ്യുന്നു. അദ്ദേഹം പാലക്കാട് പഴയ ലക്കിടിയിലുണ്ട്, പേര് മുഹമ്മദ് അലി. നൃത്തം ചെയ്യാൻ അറിയില്ലെങ്കിലും വലിയ മോഹമാണെന്നും ഇത് സിനിമയിലെടുക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും മുഹമ്മദലി പറഞ്ഞു.
കോയമ്പത്തൂരിൽ ഹോട്ടൽ ജീവനക്കാരനാണ് ഞാൻ. കാളി റോഡ് നേർച്ചയ്ക്ക് പോയപ്പോൾ രണ്ട് സ്റ്റെപ്പ് ഇട്ടതാണ്. ഭയങ്കര തിരക്കായിരുന്നു. അതിനിടെ അഡ്ജസറ്റ് ചെയ്താണ് ഡാൻസ് കളിച്ചത്. ഗൾഫിൽനിന്ന് നാട്ടിൽ വന്ന ആരോ എടുത്തതാണത്. ആരാണ് എടുത്തതെന്ന് എനിക്കറിയില്ല. എന്റെ നാട്ടുകാരൊന്നും പരിസരത്തില്ലെന്ന് ഉറപ്പ് വരുത്തി കളിച്ചതാണ്. അവർ കണ്ടാൽ ചമ്മലായിരിക്കും.
“കുഞ്ചാക്കോ ബോബന്റെ പാട്ട് പുറത്ത് വന്നതിന് ശേഷം ഫോൺകോളുകളുടെ ബഹളമാണ്. വലിയ സന്തോഷമാണ് തോന്നിയത്. ഡാൻസ് വൈറലായെന്ന് പറഞ്ഞ് മകൻ വിളിച്ചു. അവരൊക്കെ വലിയ സന്തോഷത്തിലാണ്. എനിക്ക് ഡാൻസ് കളിക്കാനൊന്നും അറിയില്ല. എന്റെ സന്തോഷത്തിന് വേണ്ടി മാത്രം ചെയ്തതാണ്.”- മുഹമ്മദലി പറഞ്ഞു.



