മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോഷൂട്ടിന് എതിരെയുള്ള പരാതിയില്‍ ചെമ്പുര്‍ പൊലീസാണു കേസെടുത്തത്.

പേപ്പര്‍ മാഗസിനു വേണ്ടിയുള്ള രണ്‍വീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു എന്‍ജിഒ ഭാരവാഹിയാണു രണ്‍വീറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. സ്ത്രീകളുടെ വികാരത്തെ രണ്‍വീര്‍ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയില്‍ ആരോപിച്ചു.

ഐടി ആക്ട്, ഐപിസി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. രണ്‍വീറിന്റേത് അസാധാരണ ധൈര്യമുള്ളവര്‍ മാത്രം എടുക്കുന്ന തീരുമാനമാണെന്ന് അഭിനന്ദിച്ച് പ്രമുഖരുള്‍പ്പടെ രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ സഭ്യമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നു; ട്രോളുകളും പ്രചരിച്ചിരുന്നു.