ദില്ലി:ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വീഡിയോ കോണ്‍ഫറന്‍സ്‌ വഴി നടത്തിയ ‘ജമ്മു ജന്‍ സംവാദ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

‘അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ ശരിയായ സമയത്ത് അക്കാര്യങ്ങള്‍ വെളിപ്പെടുത്തും. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ആഗ്രഹം ചൈന പ്രകടിപ്പിച്ചു. ഞങ്ങളും ഇതിനെ അനുകൂലിക്കുന്നു’ രാജ്‌നാഥ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരിന്റെ വിധിയും ചിത്രവും മാറും. ജമ്മുകശ്മീര്‍ ഉയരങ്ങളിലും ഉന്നതിയിലും എത്തും. പാക്‌ അധീനതയിലുള്ള കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.