ഭാര്യയും നടിയുമായ ദേവിക നമ്പ്യാര്‍ ഗർഭിണിയാണെന്നു വെളിപ്പെടുത്തി സംഗീത സംവിധായകൻ വിജയ് മാധവ്. യുട്യൂബ് വിഡിയോയിലൂടെയാണ് താരദമ്പതികൾ സന്തോഷം പങ്കുവച്ചത്. കുറച്ചു നാളായി വ്ലോഗ് ചെയ്യാത്തതിനു കാരണം ഇതാണെന്നും വിജയ് പറഞ്ഞു.

സഞ്ചരിക്കുന്ന കാറിൽ നിന്നാണ് പുതിയ വിഡിയോ. ഗർഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം ചിലയാളുകൾക്ക് ബുദ്ധിമുട്ടായിരിക്കും. ഛർദിയും ക്ഷീണവുമൊക്കെയുണ്ട്. ഒന്നര മാസമായി മിക്കപ്പോഴും കിടക്കുകയാണ്. മൊബൈലോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ചില ഷോകള്‍ ഒഴിവാക്കേണ്ടി വന്നു. എന്തുകൊണ്ടാണ് വ്ലോഗ് ചെയ്യാത്തതെന്നു ചോദിച്ച് നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നു. എന്നാല്‍ ഓരോരുത്തരോടായി പറയുക എളുപ്പമല്ലാത്തതിനാലാണ് വിഡിയോ ചെയ്യുന്നത്. മൂന്നു മാസം കഴിഞ്ഞിട്ടേ പറയാവൂ എന്നു വീട്ടുകാരുടെ നിര്‍ദേശവുമുണ്ടായിരുന്നു. ഇനി ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് വ്ലോഗ് ചെയ്യാമെന്ന് വിശ്വസിക്കുന്നു. എല്ലാവരുടെയും സന്തോഷം സ്നേഹവും തീർച്ചയായും ഉണ്ടാവണമെന്നും വിജയ്‌യും ദേവികയും വ്ലോഗിലൂടെ പറഞ്ഞു.