നിർബന്ധിത തൊഴിൽ ചൂഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസാണ് (USTR) ഈ നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചൈനീസ് ഇറക്കുമതിക്ക് മേൽ നികുതി ചുമത്താൻ ഉപയോഗിച്ച 1974-ലെ യുഎസ് ട്രേഡ് ആക്റ്റിന്റെ സെക്ഷൻ 301 പ്രകാരമാണ് ഇപ്പോഴത്തെ നികുതി ചുമത്തലും.

ഈ നീക്കം ഇപ്പോഴും അവലോകനത്തിലാണ്. അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നിരുന്നാലും, നടപ്പിലാക്കിയാൽ, അത് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള വിശാലമായ ഇറക്കുമതികളെ ബാധിക്കുകയും ആഗോള വ്യാപാരത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യും. 

ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി നിരവധി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 60 സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 12.5% ​​വരെ അധിക താരിഫ് ചുമത്താനാണ് യുഎസ്‌ടി‌ആർ നിർദ്ദേശിച്ചിരിക്കുന്നത്. യുഎസ്‌ടി‌ആർ കണ്ടെത്തൽ പ്രകാരം, ഈ രാജ്യങ്ങൾ ഒന്നുകിൽ നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച സാധനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു, അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി.

നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട ഇറക്കുമതിക്ക് ഭാഗികമായോ പൂർണ്ണമായോ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് 10% നികുതി നേരിടേണ്ടി വരും. ഇത്തരം നിരോധനങ്ങൾ നടപ്പാക്കാത്ത രാജ്യങ്ങൾക്ക് 12.5% എന്ന ഉയർന്ന നികുതി നേരിടേണ്ടി വന്നേക്കാം. പ്രധാന വ്യാപാര പങ്കാളികൾ നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട ഇറക്കുമതി തടയുന്നതിൽ പരാജയപ്പെടുന്നത് അമേരിക്കൻ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ പറഞ്ഞു.