കാസര്‍കോട്: എക്സൈസ് റേഞ്ച് ഓഫീസില്‍ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന 106 ലിറ്റര്‍ വിദേശമദ്യം കാണാതായ സംഭവത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പൊലീസില്‍ പരാതി നല്‍കി. നാലുമാസം മുന്‍പ് പത്തുകേസുകളിലായി പിടിച്ചെടുത്ത മദ്യമാണ് കാണാതായത്. വകുപ്പു തല അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
സംഭവത്തിന് പിന്നില്‍ എക്സൈസ് ഉദ്യോഗസ്‌ഥര്‍ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഏപ്രിലിലാണ് കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫീസില്‍ തൊണ്ടുമുതലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം അപ്രത്യക്ഷമായത്. റേഞ്ച് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇതു സംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ പത്ത് അബ്കാരി കേസുകളിലായി പിടിച്ചെടുത്ത 106 ലിറ്റര്‍ മദ്യം കാണാതായെന്ന് കണ്ടെത്തി.
അതേസമയം സംഭവത്തിനു പിന്നില്‍ കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് സംസ്ഥാന എക്സൈസ് മേധാവിയുടെ ഉത്തരവനുസരിച്ച് കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പൊലീസില്‍ പരാതി നല്‍കിയത്. മദ്യം കാണാതായ സമയത്ത് ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും പൊലീസ് പറഞ്ഞു.



