കോൽക്കത്ത: തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലെ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ പ്രബീർ കുമാർ ഘോഷിന് കത്തയച്ച് പശ്ചിമ ബംഗാളിലെ വിശ്വഭാരതി സർവകലാശാലയിലെ അധ്യാപകർ. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
ബീർഭം ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലികൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശം ലഭിച്ചതാണ് അധ്യാപകരെ പ്രകോപിപ്പിച്ചത്. പലർക്കും ഏപ്രിൽ 28 രാവിലെ തന്നെ ജോലി സ്ഥലത്ത് എത്തേണ്ടതുണ്ട്. സാഗർ ഐലൻഡ് പോലുള്ള ഉൾപ്രദേശങ്ങളിലേക്കാണ് പലർക്കും ഡ്യൂട്ടി നൽകിയിരിക്കുന്നത്. പരിമിതമായ യാത്രാ സൗകര്യങ്ങൾക്കിടയിൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അവിടെ യെത്തുക പ്രായോഗികമല്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 26-ന് പോലും വോട്ടെണ്ണൽ ഒബ്സർവർമാരുടെ പരിശീലന പരിപാടികളിൽ ഇവർ പങ്കെടുത്തിരുന്നു. കടുത്ത ചൂടിനിടയിൽ തുടർച്ചയായുള്ള യാത്രകളും വിശ്രമമില്ലാത്ത ജോലിയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതായി കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് ജോലികൾ കാരണം സർവകലാശാലയിലെ തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായ അധ്യാപനത്തെ ഗൗരവമായി ബാധിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.



