തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്നു സൂചന. സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് മുപ്പത്തിമൂന്നു പൈസവരെ കൂടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈവര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സര്‍ചാര്‍ജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഇതു സംബന്ധിച്ച ഉത്തരവിറങ്ങാം. സംസ്ഥാനത്തു വൈദ്യുതി ഉല്‍പാദിപ്പിച്ചു വിതരണം ചെയ്തതിനും പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്തതിനും വൈദ്യുതി ബോര്‍ഡിന് ഉണ്ടായ അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജ് ആയി പിരിച്ചു നല്‍കണമെന്നു ബോര്‍ഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാറുണ്ട്.
മൂന്നു മാസം കൂടുമ്ബോഴാണ് ഇതു സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കുക.2019 ഒക്ടോബര്‍ മുതലുള്ള ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാനുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 11 പൈസയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസയും സര്‍ചാര്‍ജ് ഈടാക്കണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടത്.ബോര്‍ഡിന്റെ ആവശ്യം അതേപടി അംഗീകരിച്ചാല്‍ സര്‍ചാര്‍ജ് ഇനത്തില്‍ മാത്രം യൂണിറ്റിന് 33 പൈസ കൂടും .തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കുകള്‍ പുതുക്കുമെന്നാണ് സൂചന .
വൈദ്യുതി ബോര്‍ഡ് ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്ന വരവുചെലവു കണക്കുകള്‍ വിലയിരുത്തിയ ശേഷം കമ്മി നികത്തുന്ന വിധത്തിലാണു സംസ്ഥാനത്തു വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. പതിവിനു വിരുദ്ധമായി മൂന്നു വര്‍ഷത്തെ വരവുചെലവു കണക്ക് റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 2019-20, 2020-21, 2021-22 വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ അംഗീകരിച്ചു.
2019-20 വര്‍ഷത്തെ വരവു ചെലവു കണക്കിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം വൈദ്യുതി നിരക്കു പുതുക്കി നിശ്ചയിച്ചിരുന്നു. വര്‍ധിപ്പിച്ച നിരക്കിനു കഴിഞ്ഞ മാര്‍ച്ച് 31 വരെയായിരുന്നു പ്രാബല്യം. എന്നാല്‍ കൊറോണ സാഹചര്യത്തില്‍ ഈ നിരക്കുകള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പ്രാബല്യം നല്‍കി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കി. സ്വാഭാവികമായും അടുത്ത മാര്‍ച്ചിനു ശേഷം നിരക്കു പുതുക്കി നിശ്ചയിക്കേണ്ടി വരും.