ദിവസങ്ങൾ നീണ്ട ആകാംഷകൾക്കും പ്രവചനങ്ങളിലെ കാലതാമസങ്ങൾക്കും ശേഷം ഒടുവിൽ ഇന്ത്യയുടെ കാർഷിക-സാമ്പത്തിക മേഖലകളെ നിർണ്ണായകമായി സ്വാധീനിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം (Southwest monsoon) വ്യാഴാഴ്ചയോടെ കേരള തീരത്തെത്തും. ഇതോടെ രാജ്യത്തെ പ്രധാന മഴക്കാലത്തിന് ഔദ്യോഗികമായി തുടക്കമാവുകയാണ്.
കാലവർഷം കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും, ഒപ്പം അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും കൂടുതൽ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് ബുധനാഴ്ച (ജൂൺ 3) ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ലഭിക്കുന്ന വാർഷിക മഴയുടെ 70 ശതമാനവും നൽകുന്നത് ഈ തെക്കുപടിഞ്ഞാറൻ കാലവർഷമായതിനാൽ തന്നെ വളരെ പ്രാധാന്യത്തോടെയാണ് രാജ്യം ഇതിന്റെ വരവിനെ വീക്ഷിക്കുന്നത്.
കേരളത്തിൽ കാലവർഷം ഔദ്യോഗികമായി എത്തിയെന്ന് പ്രഖ്യാപിക്കുന്നതിനായി മൂന്ന് പ്രധാന മാനദണ്ഡങ്ങളാണ് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്. കേരളത്തിലെ നിശ്ചിത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കുറഞ്ഞത് 60 ശതമാനം സ്ഥലങ്ങളിലും തുടർച്ചയായ മഴ രേഖപ്പെടുത്തുക, ശക്തമായ കാറ്റ്, ആവശ്യത്തിന് മേഘാവൃതി എന്നിവയാണ് ഈ മാനദണ്ഡങ്ങൾ.



