തൃത്താലയില്‍ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് പോലീസിന്റെ പിടിയിലായത്. തൃശൂരില്‍ നിന്നാണ് അര്‍ധരാത്രിയോടെ അജീഷിനെ പോലീസ് പിടികൂടിയത്.
കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. പോലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.
തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. സംഭവത്തിന് പിന്നാലെ തന്നെ ക്രഷർ ഉടമ കൂടിയായ അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.



