ന്യൂഡൽഹി: ലഡാക്കിൽ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടി ഇന്ത്യൻ സൈന്യം. സംഘർഷത്തിൽ ഇന്ത്യൻ കേണലും രണ്ടു ജവാൻമാരും വീരമൃത്യു വരിച്ചു.
ഇന്ത്യ-ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രിയാണ് ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ.
അതിർത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുകയാണ്. ഇതിനിടെ ഗൽവാൻ വാനിയിൽ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.
സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗം ചേരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്ത്യ-ചൈന സംഘർഷത്തിൽ 1975-നുശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. ഏറ്റമുട്ടലില്‍ അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 11 പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ട്.
ബെയ്ജിംഗ് ഭരണകൂടത്തിന്റെ മുഖപത്രമായ ദ് ഗ്ലോബല്‍ ടൈംസിലെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ വാംഗ് വെന്‍വെന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ പത്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ചൈനയുടെ ഭാഗത്തുണ്ടായ കണക്കുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു.
ഗാല്‍വാന്‍ താഴ്വരയില് ഉണ്ടായ ആക്രമണത്തില്‍ ചൈനീസ് സൈന്യത്തിനും പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ അഹങ്കരിക്കരുതെന്നും ചൈനയുടെ നിയന്ത്രണം ദുര്‍ബലമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഗ്ലോബല്‍ ടൈംസിലെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിന് ട്വിറ്ററില്‍ കുറിച്ചു.
ചൈനയുമായുണ്ടായ ഏറ്റമുട്ടലില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു കേണല്‍ ഉള്‍പ്പടെ മൂന്നു ജവാന്മാരാണ് കൊല്ലപ്പെട്ടത്. തോക്കുകള്‍ കൊണ്ടുള്ള ആക്രമണമായിരുന്നില്ലെന്നും കല്ലുകള്‍ക്കൊണ്ടും ലാത്തികൊണ്ടുമാണ് ആക്രമണം നടന്നതെന്നും സൈന്യം വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാന്‍ ഇരുപക്ഷത്തെയും മേജര്‍ ജനറല്‍മാര്‍ തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി.



