ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡര്‍ വീരന്ദര്‍ പോള്‍ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു. വിദേശകാര്യ മന്ത്രാലയവും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസിയും അനുശോചനക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 2022 ലാണ് വീരന്ദര്‍ പോള്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റത്. അതിന് മുമ്പ് കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും സൊമാലിയയിലെ അംബാസഡറുമായിരുന്നു. വിദേശകാര്യ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസില്‍ ജോയിന്റ് സെക്രട്ടറി, ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍, ലണ്ടനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍, വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയില്‍ മാധ്യമവിഭാഗം ചുമതല, 2007-2010 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടര്‍ ചുമതല, മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ രാഷ്ട്രീയ വിഭാഗം കൗണ്‍സിലര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ഡല്‍ഹി എയിംസില്‍ നിന്നുളള മെഡിക്കല്‍ ബിരുദധാരിയാണ്. വിദേശകാര്യ മേഖലകളില്‍ വിലമതിക്കാനാകാത്ത സംഭവാനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമെന്നാണ് എസ് ജയശങ്കര്‍ എക്സില്‍ കുറിച്ചത്.