തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ തോക്കുമായി മോഷ്ടാക്കളുടെ വിളയാട്ടം. അടഞ്ഞു കിടക്കുന്ന വീട്ടിൽ മോഷണത്തിനെത്തിയവർ അയൽവാസികൾക്കു നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടു.
ഇടപഴിഞ്ഞി ഹൗസിംഗ് കോളനിയിലെ വീട് കുത്തിത്തുറക്കുന്നതിനിടെയാണ് മോഷ്ടാക്കൾ തോക്കു ചൂണ്ടി രക്ഷപ്പെട്ടത്. ഇവിടെനിന്നും വഞ്ചിയൂരിനടത്തുള്ള സ്പെയർ പാർട്സ് കടയിൽ എത്തിയ മോഷ്ടാക്കൾ പോലീസിനു നേര്‍ക്കും തോക്കുചൂണ്ടി കടന്നുകളഞ്ഞു.
ഇതോടെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് കോളനിയിലെ അടഞ്ഞുകിടന്ന വീട് രണ്ടുപേർ കുത്തി തുറക്കാൻ ശ്രമിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ മോഷ്ടാക്കളുടെ അടുത്തേക്കു വന്ന് ചോദ്യം ചെയ്തു. പെട്ടെന്ന് മോഷ്ടാക്കളിലൊരാൾ തോക്ക് ചൂണ്ടിയശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വഞ്ചിയൂർ ശ്രീകണ്ഠേശ്വരത്തെ സ്പെയർ പാർട്സ് കടയുടെ മുന്നിലായി ഇവർ എത്തിയെന്ന വിവരത്തെ തുടർന്ന് പോലീസ് എത്തിയെങ്കിലും തോക്കു ചൂണ്ടി കള്ളൻമാർ രക്ഷപ്പെടുകയായിരുന്നു.



