തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷം.ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ന് 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. 33 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. തലസ്ഥാനത്ത് ശക്തമായ ഇടപെടല്‍ തുടരണം എന്നതാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി.

അതേസമയം, ജില്ലയിലെ തീരദേശ മേഖലയായ അഞ്ചുതെങ്ങില്‍ ആശങ്ക പടര്‍ത്തി കൊവിഡ്‌ വ്യാപനം. പ്രദേശത്ത് പുതിയതായി 125 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ മൂന്ന് ജനപ്രതിനിധികളുമുണ്ട്. ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ രോഗം അതിവേഗം വ്യാപിക്കുകയാണെന്നും, സാമൂഹ്യ വ്യാപനമെന്ന ഗുരുതര അവസ്ഥയാണിവിടെ നിലനില്‍ക്കുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 476 സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് 125 പേര്‍ക്ക് രോഗം കണ്ടെത്തിയത്. നാലില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ഇവിടെ കൊവിഡ് വ്യാപിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.