തിരുവനന്തപുരം; തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജ് രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും ശ്രദ്ധയാകർഷിച്ച കേന്ദ്രമാണെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ത്രിദിന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
കേരളം രൂപീകരിക്കുന്നതിന് 5 വർഷം മുൻപ് രൂപീകൃതമായതാണ് ഈ മെഡിക്കൽ കോളേജ് എന്നതി അഭിമാനകരമാണ്. കോവിഡ് കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ കേരളത്തിന്റെ വൈദ്യ ശാസ്ത്ര പാരമ്പര്യമാണ് കാട്ടുന്നത്. കേരളത്തിലെ ആരോഗ്യ നിലവാരം, സംസ്ഥാന രൂപീകരണത്തിന് മുൻപ് തന്നെ ഇവിടെ ആരംഭിച്ച ആരോഗ്യ സംവിധാനങ്ങളുടെ പരിണിതഫലമാണ്. ആരോഗ്യ മേഖലയ്ക്ക് ആദ്യകാലം മുതലുള്ള ഭരണകൂടങ്ങൾ നൽകിയ സംഭാവന അഭിമാനകരമാണ്. കേരളം എന്ത് കൊണ്ടാണ് ആരോഗ്യ രംഗത്ത് ഇത്രയധികം മുന്നിലെത്തിയതെന്ന് ഈ ചരിത്രം കൂടി പഠിച്ചാൽ മനസിലാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സാധാരണക്കാരന് ഗുണനിലവാരമുള്ള ചികിത്സ നൽകുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയം. ആയുഷ്മാൻ ഭാരത് മുതൽ സൗജന്യ വാക്സിൻ വരെ മോദി സർക്കാർ പറഞ്ഞ വാക്കുകൾ പാലിക്കാനായി. ഇന്ത്യ ഇന്ന് ഡിജിറ്റൽ ആരോഗ്യ അവാസ വ്യവസ്ഥയിലേക്ക് പോകുകയാണ്. 2014 ൽ രാജ്യത്ത് ഉണ്ടായിരുന്ന 400 മെഡിക്കൽ കോളേജുകൾ എന്നത് ആറ് വർഷം കൊണ്ട് 200 ലേറെ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ച് അത് 600 എണ്ണത്തിലധിമാക്കാൻ കഴിഞ്ഞു. രാജ്യത്തെ ഓരോ സംസ്ഥാനത്തും ഒരു മെഡിക്കൽ കോളേജോ, മെഡിക്കൽ ബിരുദാനന്തര പഠന കേന്ദ്രമോ സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ്റ്റ് ഇന്ദു മൽഹോത്ര മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ആന്റണി രാജു, ഡോ. ശശി തരൂർ എം.പി എന്നിവർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മുൻ ആരോഗ്യ മന്ത്രിമാരായ വി.എം. സുധീരൻ, വി.സി കബീർ, വി. എസ് ശിവകുമാർ എന്നിവരെ ആദരിച്ചു. ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നേൽ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ജോൺ പണിക്കർ , ഡിഎംഇ ഡോ. തോമസ് മാത്യു, പ്രിൻസിപ്പാൾ ഡോ. കലാ കേശവൻ തുടങ്ങിയവർ സംസാരിച്ചു.



