കോട്ടയം: രണ്ടുവർഷംമുമ്പ് നഷ്ടപ്പെടുത്തിയതും 39 വർഷത്തിനുശേഷം സി.പി.എം. സ്വന്തമാക്കിയതും വലിയൊരു സമ്പാദ്യമായിരുന്നുവെന്ന് കോൺഗ്രസ് തിരിച്ചറിയാൻ വൈകി. ഇടതുമുന്നണിയിലെത്തി രണ്ടുവർഷത്തിനുശേഷം കേരള കോൺഗ്രസിനെ മടക്കിക്കൊണ്ടുവരാൻ കോൺഗ്രസ് ആഗ്രഹിക്കുന്നത് മധ്യകേരളത്തിന്റെ രാഷ്ട്രീയത്തിൽ അവർക്കുള്ള സ്വാധീനം മനസ്സിലാക്കിത്തന്നെ.

യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസിനെ പടിയിറക്കിയ ബെന്നി ബെഹന്നാന്റെ പ്രസ്താവന വന്നപ്പോൾത്തന്നെ സി.പി.എം. കരുനീക്കം നടത്തിയിരുന്നു. അന്ന് കോട്ടയത്ത് ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ.വാസവൻ നടത്തിയ രാഷ്ട്രീയനീക്കങ്ങളാണ് കേരള കോൺഗ്രസിനെ ഇടതുപാളയത്തിലെത്തിച്ചത്. അന്നത്തെ തീരുമാനം തെറ്റായെന്ന് പരോക്ഷമായി കോൺഗ്രസ് സമ്മതിക്കുമ്പോൾ, കേരള കോൺഗ്രസിന് പറയാനുള്ളത് ഒന്നേയുള്ളൂ: തങ്ങൾ ഹാപ്പിയാണ്; കോൺഗ്രസ് വൈകിപ്പോയി എന്നും.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കേരള കോൺഗ്രസ് എം കൈവശം വെച്ചിരിക്കുന്ന വോട്ടിന്റെ ശേഖരം സി.പി.എമ്മിനെ എക്കാലത്തും അലോസരപ്പെടുത്തിയിരുന്നു. മണ്ഡലപുനർനിർണയത്തിന് ശേഷമുള്ള കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫിനെ വള്ളപ്പാടുകൾ മുന്നിലാക്കിയിരുന്നത് കേരള കോൺഗ്രസ് വോട്ടുകളും അവരുടെ സ്വാധീനവുമാണെന്ന് സി.പി.എം. വിലയിരുത്തി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വി.എൻ.വാസവൻതന്നെയാണ് ഇവിടെ പരാജയപ്പെട്ടതും.

ഈ തിരിച്ചറിവാണ് 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഇടതിലേക്ക് വഴിതുറന്നത്. ഒന്നാം നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ 1981 ഒക്ടോബർ 20-ന് മാണി ഗ്രൂപ്പ് പിൻവലിച്ചശേഷം കേരള കോൺഗ്രസ് എം ഐക്യമുന്നണിയിലായിരുന്നു. തദ്ദേശത്തിൽ ഇതേവരെ മുന്നണി വിജയിക്കാത്ത പാലാപോലുള്ള മുനിസിപ്പാലിറ്റികളും കോട്ടയം ജില്ലാ പഞ്ചായത്തും ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയടക്കമുള്ള പല പഞ്ചായത്തുകളും ചുവന്നു.

ആ നേട്ടമാണ് അസംബ്ലിയിൽ 13 സീറ്റെന്ന വലിയ പരിഗണന സമ്മാനിച്ചത്. പ്രാദേശിക എതിർപ്പ് വന്നതിനാൽ മത്സരം 12 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും സി.പി.എം. തന്ന അംഗീകാരം വലുതായിരുന്നുവെന്ന് ജോസ് കെ.മാണിതന്നെ സമ്മതിച്ചു. അഞ്ചിടത്താണ് പാർട്ടി വിജയിച്ചത്.

ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, റാന്നി, തിരുവല്ല, ഇടുക്കി, പിറവം, കടുത്തുരുത്തി, കോതമംഗലം, തിരുവമ്പാടി, കുറ്റ്യാടി, ചാലക്കുടി, ഇരിങ്ങാലക്കുട, ഇരിക്കൂർ, പേരാമ്പ്ര, തൊടുപുഴ തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് വോട്ടുകൾ ഇടതുപോക്കറ്റ് വികസിപ്പിച്ചു.

ജയാപജയങ്ങൾക്കപ്പുറം ഓരോ അധികവോട്ടും നിക്ഷേപമായാണ് സി.പി.എം. വിലയിരുത്തിയത്. ഇടതുമുന്നണിയിൽ തങ്ങൾക്ക് ലഭിക്കുന്നത് മാന്യമായ പരിഗണനയാണെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറയുന്നു. ജോസഫ് വിഭാഗം ദുർബലമാണെന്ന് കോൺഗ്രസ് പറയാതെ പറയുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.