രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരിക്കുന്ന സിനിമ തിയറ്ററുകള്‍ തുറന്നപ്പോള്‍ സമ്മിശ്ര പ്രതികരണം. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ തിയറ്ററിലേക്ക് വളരെ കുറച്ച്‌ ആളുകള്‍ മാത്രമാണ് എത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചും പകുതി സീറ്റുകളില്‍ മാത്രം ടിക്കറ്റുകള്‍ അനുവദിച്ചുമാണ് തിയറ്ററുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്.

ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്തുളള സിനിമ തിയറ്ററില്‍ രാവിലെ 11.30നുളള മോണിങ് ഷോയ്ക്ക് നാലുപേര്‍ മാത്രമാണ് എത്തിയത്. ഉച്ചയ്ക്ക് 2.30നുളള മാറ്റിനിയ്ക്ക് എത്തിയതാകട്ടെ വെറും അഞ്ചുപേരും. ആകെ 300 സീറ്റുകളുളള തിയറ്ററില്‍ 150 സീറ്റുകളില്‍ മാത്രമാണ് പ്രവേശനമുളളത്. പ്രവര്‍ത്തന ചെലവ് പോലും ആദ്യദിവസം ലഭിച്ചില്ല എന്നതാണ് വസ്തുത. അതേസമയം തിയറ്ററില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാത്തതാണ് ആളുകള്‍ എത്താത്തതിന് കാരണമെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്.

തിയറ്ററുകള്‍ക്കുളള നിയന്ത്രണം ഒഴിവാക്കിയ ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തിയ സൗരഭ് എന്ന യുവാവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. നേരത്തെ റിലീസ് ചെയ്‌തൊരു സിനിമയാണ് ഇന്ന് തിയറ്റില്‍ ഉണ്ടായിരുന്നത്. മികച്ച അഭിപ്രായം കേട്ടതിനാല്‍ അത് കാണാനായി എത്തിയതാണ്. പ്രധാനമായും കൊവിഡ് മുന്‍നിര്‍ത്തി എന്തൊക്കെ മുന്‍കരുതലുകളാണ് തിയറ്ററില്‍ ഒരുക്കിയിരിക്കുന്നത് എന്നത് അറിയാന്‍ കൂടിയാണ് എത്തിയതെന്നും സൗരഭ് വ്യക്തമാക്കുന്നു. കുടുംബ സഹിതം സിനിമ കാണാനായി ടിക്കറ്റ് ബുക്ക് ചെയ്ത അജയ് ആനന്ദ് എന്ന യുവാവ് പറയുന്നത്, ദീര്‍ഘനാളായി അടച്ചിട്ടിരിക്കുന്നതിനാല്‍ തന്നെ തിയറ്ററുകള്‍ തുറക്കാനായി കാത്തിരിക്കുകയായിരുന്നു എന്നാണ്.

ആദ്യഘട്ടത്തില്‍ ആളുകള്‍ വരുന്നത് കുറവാണെങ്കില്‍ തന്നെ വാരാന്ത്യം എത്തുന്നേരം നിലവിലെ അവസ്ഥ മാറുകയും കൂടുതല്‍ ആളുകള്‍ തിയറ്ററിലേക്ക് എത്തുമെന്നുമാണ് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്. 130 സ്‌ക്രീനുകളിലാണ് ഡല്‍ഹിയില്‍ സിനിമ പ്രദര്‍ശനം വീണ്ടും ആരംഭിച്ചത്. ഇതില്‍ പിവിആറിന് മാത്രമായി 68 സ്‌ക്രീനുകളുണ്ട്.

2020 മാര്‍ച്ച്‌ 24ന് പ്രഖ്യാപിച്ച സമ്പൂര്‍ണ അടച്ചുപൂട്ടലിനെ തുടര്‍ന്ന് തിയറ്ററുകള്‍ അടക്കം തുറന്നതോടെ രാജ്യം സാധാരണ നിലയിലേക്ക് പതുക്കെ ചലിക്കുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ വരെയുളള കണക്കുകള്‍ പ്രകാരം 21,903 പേര്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ 5,898 പേരാണ് രാജ്യതലസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.