ഇന്ത്യക്കാർ പണ്ടുമുതലേ കാലം കണക്കാക്കിയിരുന്നത് മഴയെ നോക്കിയായിരുന്നു. ഓരോ ജൂണിലും തെറ്റാത്ത വാഗ്ദാനം പോലെ കാലവർഷം എത്തുമായിരുന്നു. എന്നാൽ ഈ വർഷം, ആ വാഗ്ദാനം അൽപം വിചിത്രമായാണ് സംഭവിക്കുന്നത്. മഴ വരുന്നത് ഇടവിട്ടാണ്, ഒരു വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയാണെങ്കിൽ തൊട്ടടുത്ത ദിവസം ചൂട് വീണ്ടും കടുക്കുന്നു. ഡൽഹിയിൽ പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ, ചില സംസ്ഥാനങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിൽ ഭൂമി ഇപ്പോഴും വിണ്ടുകീറുകയാണ്. ഈ ആശങ്കകൾക്കെല്ലാം പിന്നിൽ പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ഒരു പ്രതിഭാസമാണ്. അതിന്റെ പേരാണ് ‘എൽ നിനോ’.
പസഫിക്കിൽ എന്താണ് സംഭവിക്കുന്നത്?
‘എൽ നിനോ സതേൺ ഓസിലേഷൻ’ (എൻസോ) എന്ന് വിളിക്കുന്ന സ്വാഭാവിക കാലാവസ്ഥാ വ്യതിയാനത്തിന്റെ ചൂടേറിയ ഘട്ടമാണ് എൽ നിനോ. സാധാരണയായി, ‘ട്രേഡ് വിൻഡ്സ്’ എന്നറിയപ്പെടുന്ന സ്ഥിരമായ കാറ്റുകൾ പസഫിക്കിലെ ചൂടുള്ള ഉപരിതല ജലത്തെ ഏഷ്യൻ തീരങ്ങളിലേക്ക് തള്ളിവിടുന്നു. എന്നാൽ എൽ നിനോ ഘട്ടത്തിൽ ഈ കാറ്റുകൾ ബലഹീനമാവുകയും ചൂടുവെള്ളം തിരികെ കിഴക്കോട്ട് നീങ്ങുകയും ചെയ്യുന്നു. ഈ മാറ്റം, മഴ നൽകുന്ന അന്തരീക്ഷ വായുവിനെ ഇന്ത്യയിൽ നിന്ന് അകറ്റി പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തേക്ക് കൊണ്ടുപോകുന്നു.
ശാസ്ത്രജ്ഞർ ‘നിനോ 3.4’ എന്ന് വിളിക്കുന്ന സമുദ്രമേഖലയിലെ ഈ ചൂടാകലിനെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്. അവിടെ താപനില ഇതിനകം തന്നെ എൽ നിനോ പരിധി ലംഘിച്ച് കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗമായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ എൽ നിനോ രൂപപ്പെടുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റോടെ ഇത് പൂർണ്ണ ശക്തിയാകാൻ 80 ശതമാനവും, അതിന് ശേഷം 90 ശതമാനവും സാധ്യതയുണ്ട്. സെപ്റ്റംബറോടെ ഇത് കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്.
താളം തെറ്റുന്ന കാലവർഷം
ആരോഗ്യകരമായ ഒരു കാലവർഷം എന്നത് സ്ഥിരതയുള്ള ഒന്നാണ്. അത് നാലു മാസത്തോളം മണ്ണിലേക്ക് പെയ്തിറങ്ങുന്നു. എന്നാൽ ഈ താളത്തെയാണ് എൽ നിനോ തകർക്കുന്നത്. നീണ്ട വരണ്ട ദിവസങ്ങളും അതിനിടയിൽ പെട്ടെന്നുണ്ടാകുന്ന അതിശക്തമായ പ്രകൃതിക്ഷോഭ സമാനമായ മഴയും നിറഞ്ഞ ഒന്നായി ഇത് മാറുന്നു. ചൂടാണ് ഇതിന് കാരണം. മേഘങ്ങളും മഴയും കുറയുമ്പോൾ ഭൂമി കൂടുതൽ ചൂടാകുന്നു, ഇത് വരൾച്ചയും ഉഷ്ണതരംഗവും കൂടാൻ സാധ്യതയേറുന്നു.
അതേസമയം, ചൂടുള്ള വായുവിന് കൂടുതൽ ഈർപ്പം സംഭരിക്കാൻ കഴിയും. അതുകൊണ്ട് തന്നെ പെയ്യാൻ തുടങ്ങുമ്പോൾ, അത് ഒന്നിച്ച് പെയ്ത് തീർക്കുന്നു. ഇത് ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നതിന് പകരം പ്രളയത്തിന് വഴിയൊരുക്കുന്നു. എൽ നിനോ വർഷങ്ങളിൽ ആകെ ലഭിക്കുന്ന കാലവർഷത്തിന്റെ അളവ് കുറയുമ്പോഴും, മധ്യ ഇന്ത്യയിൽ അതിശക്തമായ മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കൂടിയേക്കാമെന്നാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതായത് ഒരേ സീസണിൽ തന്നെ വരൾച്ചയും പ്രളയവും ഒന്നിച്ച് വരുന്നു.
ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കും?
രാജ്യത്ത് ഒരു വർഷം ലഭിക്കുന്ന മഴയുടെ 70 ശതമാനവും നൽകുന്നത് കാലവർഷമാണ്. കൂടാതെ രാജ്യത്തെ പകുതിയിലധികം കൃഷിഭൂമികളിലും ജലസേചന സൗകര്യമില്ല. കഴിഞ്ഞ 50 വർഷത്തെ ശരാശരി മഴയുടെ 90 ശതമാനം മാത്രമേ ഇത്തവണ ലഭിക്കൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മഴയിൽ വലിയ കുറവുണ്ടാകാൻ 60 ശതമാനം സാധ്യതയുണ്ട്.
കാലവർഷം താളം തെറ്റുന്നത് കടുത്ത ചൂടുമായും, വൈദ്യുതി പ്രതിസന്ധിയുമായും, ദശലക്ഷക്കണക്കിന് കർഷകർ ആശ്രയിക്കുന്ന ഖാരിഫ് വിളവെടുപ്പ് കാലവുമായും കൂട്ടമുട്ടുമ്പോൾ അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വ്യവസ്ഥിതിയെയും ആകെ പ്രതിസന്ധിയിലാക്കുന്ന ഒന്നായി മാറും. മഴ ഇനിയും വരും. എന്നാൽ ഈ വർഷത്തെ ആശങ്ക, അത് കൃത്യസമയത്ത് പെയ്യുകയില്ല എന്നുള്ളതാണ്. കാലങ്ങളായി ഉണ്ടായിരുന്ന ശാന്തവും സ്ഥിരതയുള്ളതുമായ മഴയ്ക്ക് പകരം, അത് ഇടവേളകളും നിശബ്ദതയും നിറഞ്ഞ പെട്ടെന്നുള്ള തകർച്ചയായിരിക്കും.



