തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ പരിഹാസം. മറ്റുള്ളവര്‍ക്ക് ക്ലാസെടുക്കുമ്ബോള്‍ തിരുവനന്തപുരത്തെക്കുറിച്ച്‌ മിണ്ടില്ലേ എന്നാണ് ചാമക്കാലയുടെ ചോദ്യം. ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

”തലസ്ഥാനത്തോട്ടൊന്ന് നോക്കീട്ട് തള്ളണേ ടീച്ചര്‍. മഹാരഥകളായ ലോകനേതാക്കളുടെ പട്ടികയിലാണ് കേരളത്തിന്‍്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെന്നാണ് പാര്‍ട്ടിക്കാരും ചില മാധ്യമങ്ങളും പറയുന്നത്. കോവിഡ് 19 നെ എങ്ങനെ നേരിടണമെന്നറിയാന്‍ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെല്ലാം തന്‍്റെ ഉപദേശം തേടുകയാണെന്ന് ടീച്ചറും പറയുന്നു. അപ്പോള്‍ ടീച്ചറെ, ഒരു സംശയം, ഈ തിരുവനന്തപുരം ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളേജും അങ്ങയുടെ കീഴിലല്ലേ?

അതോ മറ്റുള്ളവര്‍ക്ക് ക്ലാസെടുക്കുമ്ബോ തിരുവനന്തപുരത്തെക്കുറിച്ച്‌ മിണ്ടില്ലേ?

ഒരിക്കലും തീരാത്ത വന്‍ വീഴ്ചകളുടെ ഈ കോട്ടകള്‍ അങ്ങ് കയ്യൊഴിഞ്ഞോ?

കഴിഞ്ഞദിവസം കോവിഡ് ബാധിച്ച്‌ മരിച്ച രമേശനെ ഈ രണ്ട് കോവിഡ് ആശുപത്രികളും കൈകാര്യം ചെയ്തതിനെക്കുറിച്ച്‌ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? ഗുരുതര ശ്വാസകോശ രോഗമുള്ള രമേശന് കോവിഡ് ടെസ്റ്റ് നടത്താതെ മടക്കി അയച്ചത് കേരള മോഡലിന്‍്റെ ഭാഗമായാണോ?

രമേശന്‍്റെ രോഗത്തിന്‍്റെ ഉറവിടമേതെന്ന് താങ്കള്‍ക്ക് അറിയാമോ? മുമ്ബ് മരിച്ച വൈദികന്‍്റെ കാര്യത്തിലും ഇതേ വീഴ്ചയാണ് തിരു.മെഡിക്കല്‍ കോളജില്‍ സംഭവിച്ചത് എന്നതില്‍ സംശയമുണ്ടോ? കോവിഡ് വാര്‍ഡില്‍ രണ്ട് ആത്മഹത്യകള്‍ നടന്ന ആശുപത്രിയാണ് ഇതെന്ന് താങ്കള്‍ മറന്നോ? ആ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ തളര്‍ന്നതാണോ വീഴ്ചകളുടെ കാരണമെന്ന് അന്വേഷിച്ചോ? അവര്‍ക്ക് ആവശ്യമായ വിശ്രമം നല്‍കുന്നുണ്ടോ? സുരക്ഷ ഉപകരണങ്ങളുണ്ടോ?

പ്രചാരവേലയുടെ തിരക്കിനിടെ ഇതെല്ലാമെന്ന് പരിശോധിക്കുന്നത് നന്നാവും. പിന്നെ എന്തു പറഞ്ഞാലും ടീച്ചര്‍ ഇമോഷണലാവും. കഷ്ടപ്പാടുകളെക്കുറിച്ച്‌ എണ്ണിപ്പെറുക്കും. എല്ലാവരും കഷ്ടപ്പെടുകയാണ് ടീച്ചര്‍. നിങ്ങളുടെ വകുപ്പിലെ വീഴ്ചകള്‍ ആ കഷ്ടപ്പാട് ഇരട്ടിയാക്കുമ്ബോള്‍ അത് പറയാതെ നിവൃത്തിയില്ല. ഇമോഷണലാവരുത്